27 Sep 2022
www.chesthospital.co.in: പുതുമയോടെ ഒരു പുനരവതരണം Creative Chest – സർഗ്ഗാത്മകതയുടെ കൂട്ടായ്മ
ചെസ്റ്റാശുപത്രിയുടെ ഔദ്യോഗിക വെബ് സൈറ്റിന്റെ (www.chesthospital.co.in) ഔപചാരികമായ ഉദ്ഘാടനം ഇന്നലെ (18-12-18) ഉച്ചക്ക് രണ്ടു മണിക്ക് ആശുപത്രി ലൈബ്രറിഹാളിൽ വെച്ച് നെഞ്ചുരോഗ വിദഗ്ദ്ധനും, സെന്റർ ഫോർ ആസ്ത്മ ആൻഡ് അലർജി ഡിപ്പാർട്ടമെന്റ് മേധാവിയുമായ ഡോക്ടർ സി.പി.റഊഫ് എം ഡി നിർവഹിക്കുകയുണ്ടായി. ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം. എ. മൊയ്തീൻ എം.ഡി.യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആശുപത്രി ജീവനക്കാരും, അഭ്യൂദയകാംക്ഷികളും പങ്കെടുത്തു.
ചെസ്റ്റാശുപത്രിയുടെ പുതിയ സംരംഭമായ ന്യൂസ് ലെറ്റർ – “ക്രീയേറ്റീവ് ചെസ്റ്റിന്റെ” – ആദ്യപ്രതിയുടെ പ്രകാശനവും തദവസരത്തിൽ നടക്കുകയുണ്ടായി. ആശുപത്രി നെഞ്ചുരോഗ വിഭാഗത്തിലെ സീനിയർ കൺസൾട്ടൻറ് ഡോക്ടർ സംഗീതക്ക് ആദ്യ പ്രതി നൽകി കൊണ്ടാണ് ഡോക്ടർ റഊഫ് ന്യൂസ്ലെറ്ററിന്റെ പ്രകാശനം നിർവ്വഹിച്ചത്. ഡോക്ടർ അനിൽ ജോസഫ്, ഡോക്ടർ സുധീർ കുമാർ, ഡോക്ടർ നൗഫൽ, ഡോക്ടർ പ്രീന എന്നിവർ പുതിയ സംരംഭത്തിന് ഭാവുകങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു.
ക്രിയേറ്റിവ് ചെസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഷീന ബാബുവിനെ ശ്രീമതി ഫാത്തിമ റഊഫ് പുരസ്ക്കാരം നൽകി ആദരിച്ചു. സമ്മാനാർമായ “ആ…ഇഷ” എന്ന കവിത ചൊല്ലി ഷീന ബാബു തന്റെ നന്ദി പ്രകടിപ്പിച്ചു. ന്യൂസ് ലെറ്റെറിൽ സൃഷ്ടികൾ സംഭാവന ചെയ്ത ഡോക്ടർ നൗഫൽ, മിസ്. നസീമ, മിസ്. ജമീല, മിസ്. സൗമിനി എന്നിവർക്കും വെബ് സൈറ്റിനുവേണ്ടി പ്രവർത്തിച്ച മിസ്റ്റർ കോയ ഹസ്സൻ, മിസ്. ഷിജുല മഹേഷ് എന്നിവരെയും സദസ്സ് പ്രോത്സാഹന സമ്മാനങ്ങൾ നൽകി ആദരിക്കുകയുണ്ടായി.
മധുരം നൽകി അവസാനിച്ച പരിപാടിക്ക് ആശുപത്രീ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മിസ്റ്റർ വിജീഷ് നന്ദി രേഖപ്പെടുത്തി.